ദൂരേക്ക് നോക്കിയിരിക്കുമ്പോള്‍ മനസെങ്ങോട്ടോ തെന്നുന്നു. കാലങ്ങള്‍ക്കിത്രയും വേഗതയുണ്ടെന്നറിയുന്നതു പ്രായം ഇങ്ങറ്റത്തെത്തിക്കഴിഞ്ഞപ്പോഴാണ്. കഴിഞ്ഞ എഴുപതുവര്‍ഷം ഇന്നലെ ഉറങ്ങി ഇന്ന് ഉണര്‍ന്നതുപോലെ!
തീരുമാനം ഇന്നുതന്നെ എടുക്കണം! രാവിലെ ദിനേശ് എത്തും. നിര്‍ബന്ധിച്ചാണ് അവനെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്. രാത്രി എന്റെ കൂടെ താമസിക്കുവാന്‍ അവന്‍ കുറെ അപേക്ഷിച്ചു നോക്കി. അടുത്ത മുക്കിലാണ് താമസം. നാളെ രാവിലെ വരാന്‍ പറഞ്ഞു അവനെ അയച്ചു. ‘വരുവിന്‍ യേശുവിനരുകില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍’ പാടി, പ്രാര്‍ത്ഥിച്ചാണ് അവന്‍ വീട്ടിലേക്ക് മടങ്ങിയത്. പാവം, മനസ്സ് വളരെ കലങ്ങിയിട്ടുണ്ട്. ‘വരുവിന്‍ യേശുവിനരുകില്‍’ പാടിയോ, ഉള്ളിലൊരു വാള് കടന്നിട്ടുണ്ട്. എത്ര വൈപരീത്യമാണത്! വേദനയുടെ വേലിയേറ്റത്തില്‍ പാടുന്നു ‘യേശു എത്ര നല്ലവന്‍’ എന്ന്.
മുപ്പതു വര്‍ഷമായി ദിനേശ് എന്നോടൊപ്പം നടക്കുവാന്‍ തുടങ്ങിയിട്ട്. അവന് ആരുമില്ല. ‘എല്ലാവരുമുണ്ട് എന്നാല്‍ ആരുമില്ല’ എന്നത് എനിക്കെങ്ങനെയാണോ അങ്ങനെതന്നെയാണ് ദിനേശിനും. വലിയൊരു ജന്‍മിയായിരുന്നു. ദിനേശിന്റെ ഭാഷയില്‍: “വലിയൊരു പ്രകാശം കണ്ടു. ജീവിതം പ്രകാശമയമായി, എന്നാല്‍, പുറത്തെ പ്രകാശങ്ങളൊക്കെ അണഞ്ഞു പോയി.” ദിനേശിനോട് സുവിശേഷം പറയാന്‍ചെന്ന എന്റെ കൂടെ കൂടി അയാള്‍.
ചുണ്ടിന്റെ കോണിലായി രക്തക്കറ കണ്ടപ്പോള്‍ ഞാനതത്ര കാര്യമാക്കിയില്ല. പിറ്റേന്നും കണ്ടു, വായില്‍ രക്തം. ക്യാന്‍സറാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കേട്ടപ്പോള്‍ എല്ലാം കൈവിട്ടുപോയെന്നൊന്നും തോന്നിയില്ല. എന്റെ മുഖത്തേക്കു കുറച്ചുനേരം നോക്കിയിരുന്നിട്ട് ഡോക്ടര്‍ ചോദിച്ചു:
“കൂടെ ആരുണ്ട്?”
“ആരുമില്ല”
“ഒറ്റയ്ക്കാണോ താമസം?”
“അതെ”
“ചെലവിനൊക്കെ?”
“ദൈവം തരും”
പിന്നെ അയാളൊന്നും ചോദിച്ചില്ല. അതങ്ങനെയാണ്. അവിശ്വാസിയായാലും വിശ്വാസിയായാലും അവിടെ അവര്‍ സംഭാഷണം നിറുത്തും. ആദ്യമൊക്കെ ചിന്തിച്ചു, അവര്‍ക്ക് കാര്യം മനസിലായതുകൊണ്ടാണെന്ന്. പിന്നീടൊരിക്കല്‍ അങ്ങനെ സംഭാഷണം നിറുത്തിയ ഒരാള്‍ മറ്റൊരാളോട് പറയുന്നത് കേള്‍ക്കേണ്ടിവന്നു –
“അയാള്‍ക്ക് വട്ടാണ്.”
എത്ര ചിന്തിച്ചിട്ടും എനിക്കും ദിനേശിനും മനസിലായില്ല, ദൈവം തരുമെന്നു പറയുമ്പോള്‍ വിശ്വാസികള്‍ക്കും ചിരിവരുന്നതെന്താണെന്ന്. അതേക്കുറിച്ച് പിന്നെ അധികമൊന്നും ചിന്തിച്ചില്ല; നമുക്ക് മനസിലാകാത്ത എത്രയോ കാര്യങ്ങളുണ്ടെന്നതില്‍ നിറുത്തി.
ഏത് ആശുപത്രിയില്‍ പോകണമെന്നു ഇന്ന് തീരുമാനിക്കണം. ആരേയും വിളിച്ചു പറയാന്‍ തോന്നുന്നില്ല. കൂടുതലും കേള്‍ക്കേണ്ടി വരിക ലോകത്തിന്റെ ഭാഷയാണ്; ഉപദേശങ്ങളായാലും നിര്‍ദേശങ്ങളായാലും. വിശ്വാസികളുടേതാണ് കടുപ്പം: ‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിക്കണ്ടേ?’ അവരുടെ ആ ചോദ്യത്തോടെ ഞാന്‍ വായടക്കും.
എത്രയോ തവണ ‘എന്തിന് ഞാന്‍ മാത്ര’മെന്ന് ചിന്തിച്ച് ബുദ്ധിമാന്മാരുടെ വിശാല വഴിയിലേക്ക് കയറാനൊരുങ്ങിയതാണ്. അന്നു രാത്രി കണ്ടിരിക്കും, മലകയറുമ്പോള്‍ മുട്ടിടിച്ചു വീഴുന്ന ഒരു മലകയറ്റക്കാരന്റെ സ്വപ്നം – തോളിലൊരു കുരിശ്. ആരെങ്കിലുമൊന്നു താങ്ങിയിരുന്നെങ്കില്‍ അയാള്‍ വീഴുകയില്ലായിരുന്നു. ഓരോ വീഴ്ചയ്ക്കും അയാള്‍ക്ക് കിട്ടും ഒരു ചാട്ടവാറടി. കുരിശ് ഒന്നു താങ്ങാന്‍ ആരും തയ്യാറല്ല. താങ്ങുന്നവനും കിട്ടും അടി. കാഴ്ച്ചക്കാരാണ് ഏറെ, ബുദ്ധിമാന്മാര്‍! അതാണ് നല്ലത്. എല്ലാവര്‍ക്കും ഒരു വാക്കേ ഉള്ളൂ ‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിക്കുക.’ അതുകൊണ്ടുതന്നെ ആരും വയ്യാവേലിക്കില്ല. രാവിലെ ഉണരുമ്പോള്‍ വീണ്ടും തീരുമാനിക്കും ബുദ്ധിമാന്‍മാരുടെ വിശാലവഴി വേണ്ടെന്ന്.
നാളത്തേക്ക് മുന്നൂറു രൂപയേ കൈയിലുള്ളൂ. മതിയായിരിക്കും. മതിയായില്ലെങ്കില്‍ അതിനുള്ള മരുന്നു തന്നാല്‍ മതിയെന്നു പറയാം. അങ്ങനെ പറഞ്ഞു ശീലമുണ്ടല്ലോ. ഭക്ഷണമൊന്നും വെച്ചിട്ടില്ല. രാവിലെ പോയതല്ലേ. ഉച്ചയ്ക്ക് ഹോസ്പിറ്റല്‍ ക്യാന്‍റീനില്‍ നിന്നും കഴിച്ചു. രാത്രി കുറച്ചു കഞ്ഞി വെക്കാം. കഞ്ഞിയും കുടിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും മനസ്സ് പിന്നിലേക്കാണ് – ഒരു മാസം മുമ്പാണ്, സഭായോഗം കഴിഞ്ഞിറങ്ങുമ്പോള്‍ തങ്കച്ചന്‍ അടുത്തേക്കു വന്നു:
“ഇതെന്താ സഹോദരാ?’
എന്റെ ഷര്‍ട്ടിന്റെ കോളറിലേക്കാണ് തങ്കച്ചന്റെ കൈ പോയത്.
“എന്തുപറ്റി?
ഞാന്‍ തലതിരിച്ച് കോളറിലേക്ക് നോക്കിയപ്പോഴാണ് കണ്ടത് കോളര്‍ കീറിയിരിക്കുന്നു.
“നിങ്ങളൊരു സുവിശേഷകനല്ലേ, ഇതൊക്കെ ദൈവത്തിന് അപമാനമല്ലേ?”
കോപത്തോടെ തലവെട്ടിച്ച് തങ്കച്ചന്‍ നടന്നുപോയി.
അന്ന്, പിന്നെ ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. ഉത്തരം കിട്ടാന്‍ ഒരാഴ്ച്ചയെടുത്തു; തങ്കച്ചന്റെ ശവസംസ്ക്കാരത്തിന്. ഓര്‍ക്കാപ്പുറത്തായിരുന്നു യാത്ര. മരിക്കുവാന്‍തക്ക രോഗമൊന്നും ഉണ്ടായിരുന്നതായി അറിയില്ല. ആരോ പ്രസംഗിക്കുകയാണ്:
‘എന്താണ് ജീവിതമെന്ന് അറിയണമെങ്കില്‍, എന്ത് ഇവിടെനിന്നും കൊണ്ടുപോകാനാകും എന്ന് ഓര്‍ത്താല്‍ മതി….’
കേട്ടതും ഞെട്ടിപ്പോയി. ഞാന്‍ ചോദിച്ച ചോദ്യത്തിന് ആരോ ഉടനെ ഉത്തരം പറഞ്ഞതുപോലെയായിരുന്നു അത്. തങ്കച്ചന്റെ ശവപ്പെട്ടിക്കുള്ളിലേക്ക് നോക്കി. ഉടുത്തിരിക്കുന്ന, കോളര്‍ കീറാത്ത ഷര്‍ട്ടല്ലാതെ മറ്റൊന്നും കണ്ടില്ല!
പ്രസംഗകന്‍ തുടരുകയാണ്: ‘… നട്ടതും കട്ടതും കുന്നിച്ചതുമെല്ലാം…മായമാത്രമാണ്…’
രാവിലെ ഉണരുമ്പോഴേക്കും ദിനേശെത്തി. അവന്റെ കണ്ണുകണ്ടാലറിയാം ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലെന്ന്. കരഞ്ഞു കലങ്ങിയിരിക്കുന്നു.
“ദിനേശേ, എത്ര നേരം കരഞ്ഞു?”
ശബ്ദം കനപ്പിച്ചാണ് ഞാനതു ചോദിച്ചത്. അവന്‍ മുഖം തന്നില്ല.
“ഇന്നലെ ഉറങ്ങിയോ?”
അവന്റെ മുഖം പിടിച്ചുയര്‍ത്തിക്കൊണ്ട് ചോദിച്ചു. തുളുമ്പാന്‍ നില്‍ക്കുന്ന കണ്ണുകള്‍.
“ജീവിതം എന്താണെന്നാ നമ്മള്‍ പഠിച്ചതു?”
“തങ്കച്ചന്റെ ശവസംസ്ക്കാരം” മുഖത്തു നോക്കാതെ ദിനേശ് പറഞ്ഞു.
അവനത് പറയുമെന്നെനിക്ക് അറിയാമായിരുന്നു. ശവസംസ്ക്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ വഴിയില്‍ മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നതു അതു തന്നെയായിരുന്നല്ലോ.
“പിന്നെന്തിനാ ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു കരഞ്ഞതു?”
അവനൊന്നും പറഞ്ഞില്ല.
“ഇവിടെ നിന്നും പോകുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ എന്റെ കൈയില്‍ ഒന്നുമില്ലെന്നാണോ?”
എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് അവന്‍ ഏങ്ങലടിച്ചു. അവന്റെ മുതുക് തടവിക്കൊണ്ട് ഞാന്‍ പാടി –
‘വരുവിന്‍ യേശുവിനരുകില്‍
എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍’