“ഈ വര്‍ഷത്തെ തണുപ്പ് കുറച്ച് കൂടുതലാണ്.”
രാവിലെ റോഷിണി തന്ന ചായ കുടിച്ചുകൊണ്ട് ഞാനത് പറയുമ്പോള്‍ ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു:
“മനസ്സ് പറയുന്നതോ തെര്‍മോമീറ്റര്‍ പറയുന്നതോ?”
അവള്‍ വെറുതെ പറഞ്ഞതല്ല. അവളൊരു ദാര്‍ശനീകയാണ്. ദൈവം എനിക്കു തന്ന സമ്മാനം. എന്റെ സ്വഭാവത്തിനനുസരിച്ചാണെങ്കില്‍ പണ്ടേ ഞാന്‍ ഈ മഞ്ഞുമല വിട്ടു ഓടിയേനേ. മനസ്സ് തളരുമ്പോഴൊക്കെ തണുപ്പും കൂടും!
കഴിഞ്ഞമാസമാണ് നെതര്‍ലാന്‍റ്സില്‍ നിന്നും അങ്കിള്‍ വിളിച്ച് എന്റെ നെഞ്ചില്‍ മുളകരച്ചു തേച്ചത്. മൊബൈല്‍ അടിക്കുന്നത് കേട്ട് എടുത്തുനോക്കിയപ്പോള്‍ അങ്കിളാണ്. ഇന്നത്തേക്കുള്ളതായി! ഭയപ്പാടോടെയാണ് കോള്‍ എടുത്തത്. പതിവുപോലെ നിറച്ചും തന്നു: “നിങ്ങളോ ജീവിതം നശിപ്പിച്ചു, പോട്ടെ. നിങ്ങളുടെ മകന്റെ ജീവിതം കൂടി നശിപ്പിക്കണോ? ആ മഞ്ഞില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തായില്ലേ. ആത്മാക്കളെ കുന്നു കൂട്ടുകയല്ലേ?”
ഫോണ്‍ വെച്ചുകഴിഞ്ഞപ്പോള്‍ കമ്പിളിക്കുള്ളിലേക്ക് നൂഴ്ന്നു. റോഷിണിക്ക് മനസ്സിലായി ‘ദു:ഖത്തിന്റെ പാനപാത്രം’ പാടാനാണെന്ന്. അവള്‍ കമ്പിളി ഉയര്‍ത്തി, ചിരിച്ചുകൊണ്ട് ചോദിച്ചു:
“ഒരാളുടെ വാക്കില്‍ തകരാനുള്ളതാണോ ദര്‍ശനം? നിങ്ങളല്ലേ വിളികേട്ടത്, അങ്കിളല്ലല്ലോ? അങ്കിള് പറഞ്ഞ കുറ്റം എപ്പോഴെങ്കിലും പരിശുദ്ധാത്മാവ് പറഞ്ഞിട്ടുണ്ടോ?”
അവള്‍ സിത്താറെടുത്തു പാടി ‘കോന്‍ ജായേഗാ തേരേ ലിയേ….’ അടുത്തുവന്ന് കവിളില്‍ ഒരു ഉമ്മ തന്ന് എന്റെ കണ്ണ് തുടച്ചു.
“ഒന്നു ചിരിച്ചേ.”
ഓരോ സുനാമിയും അവസാനിക്കുന്നതങ്ങനെയാണ്. ദൈവത്തിന്റെ വിരലുകള്‍ എല്ലായിടത്തും ദൈവം വച്ചിട്ടുണ്ടെന്നു പറയുന്നതു എത്ര ശരിയാണ്. റോഷിണിയുടെ കൈയിലും!
ഞങ്ങളുടെ സംസാരം കേട്ടിട്ടാകണം, പതിവിലും നേരത്തെ അര്‍പ്പിത് എഴുന്നേറ്റു.
“അപ്പാ…തെര്‍മോമീറ്റര്‍ വാങ്ങിച്ചോ?”
അവന്റെ കുഞ്ഞുവായില്‍ ഒതുങ്ങാത്ത ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് റോഷിണി പറഞ്ഞു:
“ആ… നിന്റെ അപ്പാ എല്ലാ തണുപ്പിനും വാങ്ങിക്കുമല്ലോ തെര്‍മോമീറ്റര്‍”
അര്‍പ്പിതിന്റെ കാര്യത്തിലാണ് എന്തുകൊണ്ടാണ് ദൈവം ഇങ്ങനെയൊക്കെ പ്രവൃത്തിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കാലം കുറെ എടുത്തത്. അവിടെയും റോഷിണി തളര്‍ന്നില്ല. പ്രസവത്തിനായി കേരളത്തിലേക്കുള്ള യാത്രയില്‍തന്നെ ചില അസ്വസ്ഥതകള്‍ ഉണ്ടായി. ‘സെറിബ്രല്‍ പാല്‍സി’ എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത് അന്നാണ്, അര്‍പ്പിത് ജനിച്ചതിന്റെ മൂന്നാം ദിവസം. ഡോകടര്‍ മുറിയിലേക്ക് എന്നെ വിളിപ്പിച്ചു.
“നിങ്ങളുടെ കുഞ്ഞിന് സെറിബ്രല്‍ പാല്‍സിയാണ്.”
ഒന്നും മനസിലാകാതെ ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക് പകച്ചുനോക്കിയപ്പോള്‍ അയാള്‍ പറഞ്ഞു കുഞ്ഞിന് ശരിയായി നടക്കുവാന്‍ കഴിയില്ലെന്ന്.
ഉറച്ചകാലും നിവര്‍ന്ന നട്ടെല്ലും ഉണ്ടെങ്കില്‍ കൂടി മഞ്ഞുമലയില്‍ ജീവിതം കഠിനമാണ്. അവിടെക്കാണ് സെറിബ്രല്‍ പാല്‍സിയുള്ള കുഞ്ഞുമായി ഇനി യാത്ര. അപ്പനും അമ്മയും അവരുടെ ഉള്ളിലെ വേദന പുറത്തു കാണിച്ചില്ല. പക്ഷേ, വീട്ടിലെത്തുന്നവരുടെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളുമായി മരണനിഴലിന്റെ ദിവസങ്ങള്‍. ഒന്നും മനസിലാകുന്നില്ല. ചോദ്യങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുന്നു. വണ്ടുകള്‍ ചെവിയില്‍ ഒരുമിച്ച് മൂളൂന്നതുപോലെ.
കുഞ്ഞിന് പേരിടണം. സെറിബ്രല്‍ പാല്‍സിയുടെ തിരക്കില്‍ അതൊന്നും ചിന്തിച്ചില്ല.
റോഷിണി ചോദിച്ചു:
“കൃപയുടെ അര്‍ത്ഥമറിയാമോ?”
ഞാനൊന്നും പറഞ്ഞില്ല.
“അര്‍പ്പിത്!” അവളാണ് ആ പേര് കണ്ടെത്തിയത്.
“ഇനി കൃപയുടെ അര്‍ത്ഥം എന്താണെന്ന് അവന്‍ നമ്മെ പഠിപ്പിക്കും. അര്‍പ്പിത്, അര്‍പ്പിക്കപ്പെട്ടവന്‍. ദൈവത്തിനര്‍പ്പിക്കാം. ദൈവത്തിനു മസിലും വേണ്ടാ ‘മനുഷ്യന്റെ ഭുജ’വും വേണ്ട!”
ഞാന്‍ അവളുടെ മുറിയില്‍ നിന്നും പുറത്തേക്കുവന്നു. ഒരാഴ്ചയായുള്ള മഞ്ഞുവീഴ്ച്ചയ്ക്കിടയില്‍ സൂര്യനെ കണ്ടതുപോലെ. മനസ്സിന് ഒരു ബലം വന്നു. കൃപയുടെ അര്‍ത്ഥമറിഞ്ഞുള്ള ജീവിതം. ‘ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കുതന്നെ സകലതും ദൈവം നന്മയ്ക്കായ് കൂടി വ്യാപരിപ്പിക്കുന്നു.’ തിരിച്ചു മുറിയിലേക്കു കയറി, കുഞ്ഞിനെ കൈയിലെടുത്തു. ‘അര്‍പ്പിത്’ ശബ്ദം ഇടറിപ്പോയി. കവിളില്‍ ഉമ്മ നല്കി കുഞ്ഞിനെ കിടത്തുമ്പോള്‍ തിരിച്ച് പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ കുറിച്ചാണ് ഓര്‍ത്തത്.
അര്‍പ്പിതിന് മൂന്നു വയസ്സായി. തിരിഞ്ഞുനോക്കുമ്പോള്‍, കൃപയെന്താണെന്ന് പഠിച്ച കാലങ്ങള്‍. നാട്ടില്‍ നിന്നും കുറെ പ്രാര്‍ഥനക്കാര്‍ വന്ന അന്ന് —
അവര്‍ക്ക് ഇവിടുത്തെ കാര്യങ്ങള്‍ അത്ര പന്തിയായില്ല. അര്‍പ്പിത്, പിന്നെ വിരലിലെണ്ണാവുന്ന കുറെ പാവപ്പെട്ട വിശ്വാസികള്‍, ‘കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും.’ തുടക്കം മുതലേ അവരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വന്നവരില്‍ ഒരു അമ്മ തന്റെ മകനെ ഉപദേശിക്കുന്നത് കേട്ടു, കിട്ടുന്ന വെള്ളമൊന്നും വാങ്ങി കുടിക്കരുതെന്ന്.
സഹികെട്ട് രണ്ടാം ദിവസം ഒരാള്‍ ചോദിച്ചു:
“നിങ്ങള്‍ക്കെന്താ വിശ്വസം ഇല്ലാത്തെ?”
ഒന്നും മനസിലാകാതെ ഞാന്‍ പകച്ചു നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ വിശദീകരിച്ചു: “നിങ്ങളുടെ മകന് നിങ്ങള്‍ വിശ്വാസത്താല്‍ എന്തുകൊണ്ടു സൗഖ്യം നേടിക്കൊടുക്കുന്നില്ല? ഒരു സുവിശേഷകന്റെ മകന്‍ ഇങ്ങനെയായിരിക്കുന്നത് വേലക്കു തടസ്സമല്ലേ?”
‘കിട്ടുന്ന വെള്ളമൊന്നും വാങ്ങി കുടിക്കരുത്’ എന്ന് മകനെ ഉപേദേശിച്ച സ്ത്രീയും ബാക്കി കൂട്ടിച്ചേര്‍ത്തു:
“രാജാവിന്റെ മക്കള്‍ ജീവിക്കേണ്ടത് രാജകീയമായിട്ടല്ലേ? ഒരു വാട്ടര്‍ പ്യൂരിഫൈര്‍ പോലുമില്ല.”
അവരുടെ ചിന്ത മുഴുവന്‍ മകന്റെ വയറിളക്കം ആയിരിക്കാം! പാവം.
അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇത് തന്നെയല്ലേ ആദ്യ സമയങ്ങളില്‍ ഞാന്‍ ചിന്തിച്ചതും ദൈവത്തോട് പലപ്പോഴായി ചോദിച്ചതും.
വാക്കുകള്‍ എന്നെ ചവിട്ടി മെതിക്കുന്നതിനുമുമ്പു വേഗം മുറ്റത്തേക്ക് ഇറങ്ങി ആകാശത്തേക്കു നോക്കി. റോഷിണിയുടെ കണ്ടുപിടുത്തമാണ്. അബ്രാഹാമിനെ ദൈവം കൂടാരത്തില്‍ നിന്നും വലിച്ചിറക്കി ആകാശത്തേക്ക് നോക്കിപ്പിച്ചു. നക്ഷത്രങ്ങള്‍ അവിടെത്തന്നെ ഉണ്ട്. സ്തോത്രം! അര്‍പ്പിതിനെ എടുത്തുകൊണ്ട് പുറത്തുവന്ന് ആകാശത്തേക്ക് വിരല്‍ ചൂണ്ടി ചോദിച്ചു:
“ആരുടെ നക്ഷത്രമാ?”
അവന്‍ എന്റെ മുഖത്തു ഒരു ഉമ്മ തന്ന്, ചെവിയില്‍ പറഞ്ഞു:
“നമ്മുടെ അപ്പന്റെ.”
അര്‍പ്പിത് എന്റെ തോളത്തേക്ക് ചാഞ്ഞു കിടന്നു. ഞാന്‍ കണ്ണു തുടച്ചു. അകത്തേക്കു നടന്നു.
അവര്‍ മടങ്ങിപ്പോയിട്ടും അവരുടെ വാക്കുകള്‍ നെഞ്ചിലെവിടെയോ ഒരു വിങ്ങല്‍ തീര്‍ക്കുന്നു. അന്ന് ഉപവാസത്തോടെയിരുന്നു. പെട്ടെന്നുള്ള ഉപവാസത്തിന്റെ കാരണം എന്താണെന്ന് റോഷിണിക്ക് മനസിലായി. നാളെ ഞാന്‍ ഉപവാസമാണെന്നു പറഞ്ഞപ്പോള്‍ത്തന്നെ ചിരിച്ചുകൊണ്ട് അവള്‍ ഒന്നു മൂളി. അതിനര്‍ത്ഥം ഉള്ളിലെ നീറ്റല്‍ എനിക്കു മനസ്സിലായി എന്നാണ്.
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ ഒരു മുട്ടുകേട്ടു. വാതില്‍ തുറന്നപ്പോള്‍ സുന്ദരീഭായി ആണ്. അടുത്ത വീട്ടുകാരി. റോഷിണിയെ ചോദിച്ചു. ഞാന്‍ സുന്ദരീഭായിയെ അടുക്കളയിലേക്ക് പറഞ്ഞു വിട്ട് പ്രാര്‍ഥിക്കുവാന്‍ പോയി.
പ്രാര്‍ഥന കഴിഞ്ഞ് എഴുന്നേറ്റിട്ടും മനസ്സ് തളരുന്നു. അന്ന് പ്രാര്‍ഥനക്കാര്‍ പറഞ്ഞതൊന്നും റോഷിണി കേട്ടിരുന്നില്ല. അവളോടു പറയാമെന്ന് ചിന്തിച്ചു. കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയിട്ട് പിന്നെ പൊട്ടിച്ചിരിച്ചു. ഞാന്‍ ഒന്നു പകച്ചു പോയി.
‘ചക്കാ…’ റോഷിനി എന്നെ വിളിച്ചു. എന്റെ ‘ദു:ഖത്തിന്റെ പാനപാത്ര’ സമയത്ത് അവള്‍ എന്നെ വിളിക്കുന്നത് അങ്ങനെയാണ്. റോഷിനിയുടെ നാട്ടില്‍ ഒരു ചക്കനുണ്ട്. എന്തുപറഞ്ഞാലും സംശയവും പേടിയുമാണ്. ഒരിക്കല്‍ കടയില്‍ നിന്നും തൊലിയുരിച്ച് കോഴിയെ വാങ്ങിക്കൊണ്ടുപോകുമ്പോള്‍ കടയില്‍ നിന്നും കയറുവാങ്ങി അതിന്റെ കാലുകള്‍ കൂട്ടികെട്ടിയത്രേ വിദ്വാന്‍; കോഴി പറന്നു വന്ന് കൊത്തിയാലോ!
“എന്തിനാ സുന്ദരീഭായി വന്നതെന്ന് അറിയാമോ ചക്കന്? നമ്മുടെ കുഞ്ഞിനെ അവളൊന്നു കുളിപ്പിച്ചോട്ടെയെന്ന്. ഒന്നു ഭക്ഷണം കഴിപ്പിച്ചോട്ടെയെന്ന്. അവള്‍ പറഞ്ഞതെന്താണെന്നറിയോ ചക്കന് ‘നിങ്ങളുടെ ദൈവം ഒരത്ഭുതം തന്നെ. ഈ കുഞ്ഞും നിങ്ങളും എത്ര സന്തോഷമുള്ളവരാണ്.’ നമ്മുടെ പ്രാര്‍ഥനക്ക് അവളും വന്നോട്ടേയെന്ന്!”
അടുക്കളയിലേക്ക് ചെന്നു അകത്തേക്ക് എത്തിനോക്കുമ്പോള്‍ സുന്ദരീഭായി ചപ്പാത്തി പൊട്ടിച്ച് കുഞ്ഞിനെ ഊട്ടുകയാണ്. എന്നെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റു. കൈകള്‍ കൂപ്പിക്കൊണ്ടു പറഞ്ഞു:
“ഭാഗ്യം ചെയ്യണം സാബ് ഇങ്ങനെ ഒരു കുഞ്ഞ് ജനിക്കാന്‍.” സാരിത്തലപ്പുകൊണ്ട് കണ്ണു തുടച്ച് കുനിഞ്ഞു നിലത്തിരുന്ന കുഞ്ഞിന്റെ തലയില്‍ ഒരുമ്മ വെച്ചു അവള്‍ പുറത്തേക്കു പോയി.
സുന്ദരീഭായി പോയതിന്റെ പുറകേ ഞാന്‍ മുറ്റത്തേക്കിറങ്ങി നോക്കി. ആകാശത്ത് സൂര്യനുണ്ട്. ഇനി രാത്രി നക്ഷത്രങ്ങളും വരും!
തിരിഞ്ഞു നോക്കുമ്പോള്‍ പിറകില്‍ റോഷിണി. അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു:
“കഷ്ടം! കോടി കോടിയാണ് നക്ഷത്രം; എന്നിട്ടും തെര്‍മോമീറ്ററിന് ഒരു കുറവുമില്ല.”