കാക്കനാടാണ് താത്തിയുടെ വീട്. ചെറിയ ഒരു കുടുംബം. താത്തിയെ സഹിക്കുവാന്‍ കഴിയാതെ കെട്ടിയോന്‍ പിള്ളേരേയും കൂട്ടി പോയപ്പോള്‍ താത്തി തനിച്ചായി. കെട്ടിത്തൂങ്ങാന്‍ അന്ന് മരത്തില്‍ കയറിയതാണ്. കമ്പ് ഒടിഞ്ഞു താത്തി താഴെ വീണു.
ആശുപത്രിയില്‍ ഒരു മാസം. തുടക്കവും അവിടെ നിന്നു തന്നെ. ആരോ കൊടുത്ത ഒരു ഗോസ്പെല്‍ ട്രാക്ട് കൂട്ടിരുപ്പുകാരി വായിച്ചുകൊടുത്തു – ആര്‍ക്കും വേണ്ടാത്ത താത്തിയെ അയാള്‍ക്കുവേണമെന്ന്; അതില്‍ പറയുന്ന യേശുവിന്. വായിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ കൈയില്‍ നിന്നും കടലാസ്സു വാങ്ങി ചുരുട്ടി നിലത്തേക്ക് എറിഞ്ഞു താത്തി. അതു കണ്ട നേഴ്സ് കോപത്തോടെ പറഞ്ഞു: “അതിനല്ലേ ചവറ്റുകൊട്ട വച്ചിരിക്കുന്നത്.” നിലത്തുകിടന്നിരുന്ന കടലാസ്സെടുത്തു അവര്‍ താത്തിയുടെ കൈയില്‍ വെച്ചു കൊടുത്തു. ചുരുട്ടികൂട്ടിയ കടലാസ്സ് വീണ്ടുമൊന്നു വെറുതെ തുറന്നു നോക്കി. വായിക്കാന്‍ അറിയാത്തതുകൊണ്ടു കൂട്ടിരിപ്പുകാരിയെക്കൊണ്ട് പിന്നേയും വായിപ്പിച്ചു.
മനസ്സ് ഒന്നിനും നിന്നു തരുന്നില്ല. ചിരിക്കുവാനും കരയുവാനും വലിയ ക്ഷാമം. കോപത്തോടെ കുറച്ചു ചീത്ത പറയുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഒന്നിനുമല്ല. വെറുതെ. പണ്ടും, താത്തിയുടെ ശക്തി അതായിരുന്നല്ലോ, നാവ്! ആരേയും കിട്ടിയില്ലെങ്കില്‍ ചെടി കൊത്തിത്തിന്ന കോഴിയേയും ഉണക്കാനിട്ട നെല്ലും കൊണ്ടുപോയ കാക്കയേയും ചീത്ത പറഞ്ഞു സമാധാനം കണ്ടെത്തുമായിരുന്നു. കെട്ടിയോന്‍ പൊടിയും തട്ടി പോകുവാനുള്ള കാരണവും അതൊക്കെ തന്നെ.
വീണ്ടും ട്രാക്ടിലേക്ക് കണ്ണുപോയി. അയാള്‍ക്കെന്നോട് സ്നേഹമാണെന്ന്! നെഞ്ചിലൂടെ പോയത് തീക്കട്ടയാണോ? എന്നോടൊരാള്‍ക്ക് സ്നേഹമെന്നോ? യേശുവിന്റെ മുമ്പില്‍ ജീവിതം അടിമവെക്കുമ്പോള്‍ അവള്‍ പിന്നെ കോരിയത് ജീവനായിരുന്നു; സമൃദ്ധിയായ ജീവന്‍.
കാക്കനാട്ടുകാര്‍ ഒന്നടങ്കം അടക്കം പറഞ്ഞു: “പിശാചു കയറിയതാണ്.”
പക്ഷങ്ങള്‍ പലതായി.
“പിശാചു കയറിയാല്‍ ഇങ്ങനെയാണോ? നമ്മള് കുറെ കണ്ടതല്ലേ പിശാചു കയറുന്നവന്റെ പേക്കൂത്ത്. മുടി പിച്ചിപ്പറിച്ചും മണ്ണീക്കിടന്നുരുണ്ടും…”
വായിക്കുവാന്‍ പഠിച്ചത് താത്തിയെക്കുറിച്ചുള്ള മറ്റൊരു കഥ! നാട്ടുകാര്‍ക്ക് ഇപ്പോഴും അറിയില്ല എഴുത്താശാന്‍ താത്തിയെ എങ്ങനെ വായിക്കുവാന്‍ പഠിപ്പിച്ചുവെന്ന്. അത്രയ്ക്ക് ശത്രുതയിലായിരുന്നു രണ്ടും. താത്തി യേശുവിന്റെ കൂടെ കൂടിയിട്ട് ഒരു മൂന്നു മാസമായിക്കാണും. ആരും എഴുത്താശാന്റെ വീട്ടിലേക്ക് പോകാറില്ല. അയാള്‍ക്ക് കുഷ്ഠമാണെന്നാണ് അടക്കം പറച്ചില്‍. ഭാര്യ ഉപേക്ഷിച്ചുപോയി. ഒരിയ്ക്കല്‍ യേശുവിനെക്കുറിച്ച് പറയാന്‍ താത്തി പോയതാണ്. “കര്‍ത്താവേ ഇയാള് ചത്തുപോയോ!” ചത്തിട്ടില്ല. ശ്വാസമുണ്ട്. നെറ്റിയില്‍ തെട്ടുനോക്കിയപ്പോള്‍ തിളക്കുന്ന ചൂട്. ദുര്‍ഗന്ധം മുറി നിറയെ. പിന്നീടങ്ങോട്ട് താത്തിയായിരുന്നു അയാള്‍ക്ക് ഡോകടറും നേഴ്സും. അയാളുടെ കുഷ്ഠം എങ്ങനെ മാറിയെന്ന് നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. എന്നാല്‍ താത്തിക്കു മാത്രമറിയാം യേശുവിന് എല്ലാം കഴിയുമെന്ന്!
അടുത്തമാസം അയാളുമെടുത്തു ബൈബിള്‍. പിന്നെ അയാളായി താത്തിക്ക് ബൈബിള്‍ വായിച്ചുകൊടുക്കുന്നത്. വായനയുടെ ഇടയില്‍ ചിലപ്പോള്‍ ഒച്ചവെച്ച് വിളിക്കണം താത്തിയെ അയാള്‍ക്ക് മടക്കിക്കൊണ്ടുവരാന്‍. താത്തി ചിരിച്ചു കൊണ്ട് പറയും “ ഞാന്‍ തമ്പുരാന്റെ കൂടങ്ങു പോയി. തമ്പുരാന്‍ പറഞ്ഞു ഇപ്പോ നീ വീട്ടിലേക്കു പോ താത്തി സമയമാകുമ്പോള്‍ ഞാന്‍ നിന്നെ കൊണ്ടുപോകാമെന്ന്.”
എഴുത്താശാന്‍ ഒരിക്കല്‍ ചോദിച്ചു: “എന്തിനാ താത്തി എന്റെ സഹായം നിനക്കുതന്നെ ബൈബിള് വായിച്ചാപ്പോരേ?”
“ആശാനെന്നെ ഒന്നാക്കിയതാണോ?”
“അല്ല, നിന്നെ ഞാന്‍ വായിക്കാന്‍ പഠിപ്പിക്കാം.”
പിന്നെപ്പിന്നെ താത്തി സ്വന്തമായി ബൈബിളു വായിക്കുവാന്‍ തുടങ്ങി. യിസ്രായേല്‍ മക്കളുടെ പിറുപിറുപ്പും, വിഗ്രഹാരാധനയും, വായിക്കുമ്പോള്‍ താത്തിക്ക് കരച്ചിലുവരും. ദൈവത്തിനോട് കെറുവിക്കും: ‘അവരെയൊക്കെ മരുഭൂമിയില്‍ തള്ളിയിട്ടു കളഞ്ഞാലെന്താ?’ കുറച്ചു കഴിഞ്ഞു പറയും: ‘അല്ലെങ്കീ വേണ്ട കര്‍ത്താവേ. ഞാനും അത് തന്നെ ആയിരുന്നല്ലോ? ഇപ്പാഴും അതൊക്കെ തന്നെ.’
താത്തിക്ക് വായ് തുറന്നാല്‍ യേശുവിനെക്കുറിച്ച് പറയാനേ ഉള്ളൂ. ചിലരൊക്കെ താത്തിയെക്കാണുമ്പോള്‍ വഴിമാറിപ്പോകുന്നതില്‍ താത്തിക്ക് പരിഭവമില്ല. ഉള്ളില്‍ പറയും ‘കര്‍ത്താവ് പിടിച്ചോളും.’
‘കരുണ… കരുണ നാഥാ…’ ഒരു പട്ടേ താത്തിക്ക് അറിയൂ. താത്തിയുടെ പാട്ട്. താത്തിക്ക് മാത്രമേ അത് പാടാന്‍ കഴിയൂ. എപ്പോഴോ ആ വരികള്‍ അറിയാതെ പാടിപ്പോയതാണ്. ഇപ്പോള്‍ പാടുന്ന ട്യൂണ്‍ അല്ല മറ്റൊരിക്കല്‍ പാടുമ്പോള്‍. എങ്കിലും താത്തി പാടും, യേശുവിന്റെ കരുണയെക്കുറിച്ച്.
താത്തിയും അംഗമായി ആ സഭയില്‍. അവിടത്തെ പാട്ടും പ്രാര്‍ത്ഥനയും പ്രസംഗവും എല്ലാം നല്ലതുതന്നെ. പക്ഷേ, യോഗം കഴിഞ്ഞപ്പോള്‍ ചിലരുവന്ന് പറഞ്ഞ ‘പാനല്‍’ എന്താണെന്നു താത്തിക്ക് മനസ്സിലായില്ല. അത് ബൈബിളിലെ എന്തെങ്കിലും കാര്യമായിരിക്കും എന്നാണ് താത്തി കരുതിയത്.
താത്തിക്ക് എന്തൊക്കെയോ അവിടെ ചീഞ്ഞുനാറുന്നതു പോലെ പതുക്കെ പതുക്കെ തോന്നിത്തുടങ്ങി. കുശുകുശുപ്പും, പൊട്ടിത്തെറികളും. താത്തി ബൈബിളും എടുത്തു വേഗം പുറത്തു കടക്കും. വീട്ടില്‍ പോയി മിണ്ടാതിരിക്കും. പിന്നെ ‘കരുണ… കരുണ നാഥാ…’ പാടും. കുറെ നേരം കരയും.
അന്ന്, എഴുത്താശാന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മുഖം പതിവിലും ചുവന്നിരുന്നു, താത്തിയുടേത്. ചെന്നപടി ശബ്ദം ഉയര്‍ത്തി താത്തി ആരോടെന്നില്ലാതെ പറഞ്ഞു:
“പള്ളീപ്പോണത് ആരാധനക്കാ കള്ളനും പോലീസും കളിക്കാനാ?”
“അതിനിപ്പോ, എന്താണവിടെ ഉണ്ടായേ?” എഴുത്താശാന്റെ വാക്കില്‍ വിറങ്ങലിപ്പുണ്ടായിരുന്നു.
“കര്‍ത്താവിന്റെ നോവാണ് സഭ. അറിയോ. കളിക്കാനുള്ളതല്ല. യോഗം കഴിഞ്ഞപ്പോ എഴുത്തശാനെന്താ പാനലില്‍ കാര്യം?”
കേട്ടിട്ടേ ഉള്ളൂ പ്രവാചകന്റെ തീ. താത്തിയുടെ മുഖത്തേക്ക് എഴുത്താശാന് നോക്കുവാന്‍ കഴിഞ്ഞില്ല. ഉള്ളിലേന്തോ വിറയല്‍.
താത്തി ഇറങ്ങിപ്പോകുമ്പോള്‍ എഴുത്താശാന്‍ നിലത്തു കുത്തിയിരുന്നു. മനസ്സില്‍ ഒരു നൊമ്പരം. അരുതാത്തതായിരുന്നുവെന്ന് ഉള്ളു പറഞ്ഞു. ‘മാപ്പാക്കണം’ മുഖം മുകളിലേക്കുയര്‍ത്തി. ഉയരത്തില്‍ നിന്നും വീഴുന്ന ഒരു രക്ത തുള്ളി അതായിരുന്നു അയാള്‍ക്കുള്ള ഏക പ്രതീക്ഷ!
മനസ്സു പറഞ്ഞു ‘ഇല്ല ഒന്നിനും ഇല്ല.’ മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാന്‍ അല്ലല്ലോ ദൈവം വിളിച്ചത്. അടുത്താഴ്ച്ചയാണ് സഭയിലെ തിരഞ്ഞെടുപ്പ്. ഒരു മാസമായി താത്തി ഉപവാസമാണ്. ‘തൊണ്ടയില്‍ നിന്നും ഒന്നും ഇറങ്ങാത്തതുകൊണ്ടു കഴിക്കുന്നില്ല’ എന്നതാണ് താത്തിയുടെ പതിപ്പ്. താത്തി കൈകൂപ്പി: “സഭ അങ്ങയുടേതല്ലേ? അങ്ങയുടെ ശരീരമല്ലേ. പണ്ട് കുറെ യൂദമ്മാരെല്ലാം കൂടി അത് പിച്ചിപ്പറിച്ചതല്ലേ? ഇനിയുമൊരു പിച്ചിപ്പറി! അയ്യോ! എനിക്കത് ഓര്‍ക്കാന്‍ കൂടി വയ്യേ. ഉണ്ടാകരുതേ… അതുണ്ടാകരുതേ…”
ഒരു മാസമായി താത്തി സഭയില്‍ പോയിട്ട്. താത്തിയെ അന്വേഷിച്ച് സഭ താത്തിയുടെ വീട്ടിലേക്ക് വന്നു. പാനാലായിട്ടാണ് വന്നത്. താത്തിയുടെ കണ്ണ് കത്തുന്നത് ഒന്നാം പാനലുകാര്‍ കണ്ടു. അത് കണ്ടതും അവര്‍ തിരികെ പോയി. രണ്ടാം പാനലുകാര്‍ വീടിന്റെ പടിവരെ എത്തിയതാണ് എന്നാല്‍ എന്തോ ഓര്‍ത്തിട്ടെന്നതുപോലെ അവരും മടങ്ങി.
താത്തി തളര്‍ന്ന് നിലത്തിരുന്നു. വലിയ വായില്‍ കരഞ്ഞു. മടങ്ങുന്ന പാനലുകാര്‍ക്ക് ഒന്നും മനസ്സിലായില്ല. ഇതിലിപ്പോ കരയാനെന്താണ്? ഇത് ഒരു നാട്ടുനടപ്പല്ലേ! കെട്ടുറപ്പുള്ള ഒരു സംഘടനയല്ലേ? സംഘടനയില്‍ എലക്ഷന്‍ നടത്തണ്ടേ. അതിന് പാനല് വേണ്ടേ?
അവര്‍ മുന്നോട്ട് നടക്കുമ്പോള്‍ തേങ്ങലില്‍ പൊതിഞ്ഞ മുറിഞ്ഞു പോകുന്ന ഒരു പാട്ട് കേട്ടു ‘കരുണ… കരുണ നാഥാ…’
ഇന്നാണ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. ദൂരേന്നേ വരുന്ന വിജയാഘോഷം താത്തി കേട്ടു. ‘ജയിച്ചാര്‍പ്പിടുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല. പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമായിരുന്നു അത്.’ അലറി വിളിച്ച് ആടി തിമിര്‍ത്തു വരികയാണ്, പാനലുകാരുടെ സ്തോത്ര പ്രാര്‍ഥന.
ആരോ ഞരങ്ങുന്നു! പെട്ടെന്നാണ് താത്തി അത് കണ്ടത്; ഒരാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നു. അയാളുടെ ഞരക്കം എവിടെയോ താത്തി കേട്ടിട്ടുണ്ട്. വഴിയുടെ ഒത്ത നടുക്കാണ് അയാള്‍ കിടക്കുന്നത്. താത്തിക്ക് അയാളുടെ മുഖം കണ്ടപ്പോള്‍ നല്ല പരിചയം. ഒരു ചുമ്മാട് അടുത്ത് കിടപ്പുണ്ട്. മുള്ളുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
യേശുവേ, പാനലുകാരുടെ ജയാരവസംഘം ഇങ്ങെത്താറായി. താത്തി രക്തത്തില്‍ പൊതിഞ്ഞ ആ മനുഷ്യനെ വഴിയുടെ ഒരു അരുകിലേക്ക് മാറ്റിക്കിടത്തുവാന്‍ സകല ശക്തിയുമെടുത്ത് തള്ളി. അനങ്ങുന്നില്ല. താത്തിക്ക് ആ മുഖത്തേക്ക് നോക്കുമ്പോള്‍ നെഞ്ചിലൊരു തേങ്ങല്‍. അവരിപ്പോള്‍ ഇങ്ങെത്തും. ഓരോരുത്തരായി അയാളെ ചവിട്ടി മെതിക്കും! അയ്യോ, അതുണ്ടാകരുത്. ഇനി ചിന്തിച്ചുകൊണ്ടിരിക്കുവാന്‍ സമയമില്ല. അയാളുടെ മുകളിലേക്കു കയറി താത്തി കിടന്നു. ചവിട്ട് അയാള്‍ കൊള്ളണ്ട. തന്നെ ചവിട്ടട്ടെ അവര്‍.
പാട്ടുകാരുടെ പാട്ട് ഇപ്പോള്‍ വളരെ ഉച്ചത്തിലാണ്: ‘ജയിക്കുന്ന രാജരാജന്‍ സൈന്യത്തിന്റെ മുന്നിലായ്…’ ഏത് നിമിഷവും അവര്‍ കാലുകള്‍ കൊണ്ട് തന്നില്‍ മരണം പതിപ്പിക്കാം. അയാള്‍ ഞെരങ്ങി: ‘പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതുകൊണ്ടു ഇവരോട് ക്ഷമിക്കേണമേ.’ കേട്ടിട്ടുണ്ടല്ലോ? അയ്യോ, എനിക്കറിയം ആ ശബ്ദം! ആ മുഖത്തേക്ക് നോക്കാനായി താത്തി തല ഉയര്‍ത്തിയപ്പോഴേക്കും ഷൂസ് ഇട്ട ഒരു കാല്‍ താത്തിയുടെ തലയിലേക്ക് കയറി.
താത്തിക്കുവേണ്ടി പണിത സ്മാരകം ഉല്‍ഘാടനം ചെയ്യുമ്പോഴും ‘സഭ’ പാടിയത് അതേ പാട്ട് തന്നെയായിരുന്നു: ‘ജയിക്കുന്ന രാജരാജന്‍ സൈന്യത്തിന്റെ മുന്നിലായ്…’
Good, very relevant