പരീശന്മാരുടെ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ എന്ന് കർത്താവായ യേശു തന്റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകിയതായി നാം തിരുവെഴുത്തുകളിൽ വായിക്കുന്നുണ്ട് (മത്താ.16:6; ലൂക്കോ.12:1). മത്തായി സുവിശേഷം ഇരുപത്തിമൂന്നാം അധ്യായത്തിലേതുപോലെ കർത്താവായ യേശു തിരുവെഴുത്തുകളിൽ മറ്റൊരിടത്തും പരീശന്മാരുടെ കാപട്യത്തെക്കുറിച്ച് ഇത്ര വിശദമായി പറയുന്നില്ല. ശ്രദ്ധയോടെയും പ്രാർത്ഥനയോടെയും പരീശന്റെ കപടഭക്തിയുടെ ലക്ഷണങ്ങൾ വായിക്കുകയും, താഴ്മയോടും തുറന്ന ഹൃദയത്തോടും നമ്മോടു ചോദിക്കുക: ‘ഞാനൊരു പരീശനാണോ?’
കർത്താവായ യേശുവിന്റെ അഭിപ്രായത്തിൽ, ഞാൻ ഒരു പരീശനാണെങ്കിൽ:
- ഞാൻ പാലിക്കുന്നില്ല, എന്നാല്‍ മറ്റുള്ളവര്‍ പാലിക്കുവാനായി ഘനമുള്ള ന്യായപ്രമാണത്തിന്റെ ചുമടു അവരുടെമേല്‍ വെക്കുന്നു(v.3-4).
- എനിക്ക് പ്രശംസലഭിക്കുവാനായി മനുഷ്യർ ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രീതിയില്‍ ആത്മീകപ്രവൃത്തികള്‍ ചെയ്യും. അതിനുവേണ്ടി ഞാന്‍ മറ്റുള്ളവരേക്കാൾ ദൈവത്തോട് അനുസരണമുള്ളവനും വിശ്വസ്തനുമാണെന്ന് എന്നെത്തന്നെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു (v.5).
- സഭയില്‍ മറ്റുള്ളവരെക്കാൾ ബഹുമാനം, പ്രാമുഖ്യം, പൊതുശ്രദ്ധ, പ്രഥമ സ്ഥാനം എന്നിവ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നു(v.6).
- പൊതുജനമധ്യത്തിൽ ഒരു ‘ആത്മീയ അധികാരി’ എന്ന് അറിയപ്പെടാനും മറ്റുള്ളവരെക്കാൾ വചനത്തിൽ ഗഹനമായ അറിവുള്ള ഒരു ഉപദേശിയാണെന്ന രീതിയിൽ മറ്റുള്ളവര്‍ ബഹുമാനിക്കുന്നതും ഞാൻ രഹസ്യമായി ഇഷ്ടപ്പെടുന്നു (v.7).
- സഭയിലെ മറ്റു വിശ്വാസികളെക്കാൾ എന്നെ വേറിട്ട് നിറുത്തുന്നതായ ‘വലിയ ബൈബിള്‍ പണ്ഡിതന്‍,’ ‘ആത്മീയ പിതാവ്’ തുടങ്ങിയ ശ്രേഷ്ഠ പ്രയോഗങ്ങളെ ഞാൻ ആഗ്രഹിക്കുന്നു (v.9-12).
- ദൈവവചനം വിശ്വസ്തതയോടെയാണ് ഞാന്‍ പഠിപ്പിക്കുന്നതെന്നു ചിന്തിക്കുകയും എന്നാല്‍ അത് ന്യായപ്രമാണത്തിന്റെ ചട്ടങ്ങളിലുള്ള കടുംപിടുത്തത്തില്‍(legalism) നിന്നും ആകുമ്പോള്‍ ഞാന്‍ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്നുമാത്രമല്ല കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുകയുമില്ല (v.13).
- ഏറ്റവും ദുർബലരായവരെ ഞാൻ രഹസ്യമായി ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്യുന്നു, എന്നാൽ വലിയ ദൈവഭക്തനാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ പൊതുയോഗങ്ങളിൽ വളരെ നീണ്ട പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു (v.14).
- ഒരു പാപിയെ നേടുവാനായി ഞാൻ വളരെയധികം പരിശ്രമിക്കുന്നു, എന്നാൽ അന്യരെ എന്നെക്കാൾ ഇരട്ടി കപടതയുള്ള നരകയോഗ്യരായി മാറ്റുക മാത്രമാണ് എന്റെ ഈ തീക്ഷ്ണതയുള്ള ശുശ്രൂഷയിലൂടെ ഞാൻ ചെയ്യുന്നത് (v.15).
- ഞാൻ ആത്മീയമായി അന്ധനാണ് കാരണം ദൈവാരാധനയുടെ കാര്യത്തിൽ ആത്മീയ യാഥാർത്ഥ്യങ്ങളേക്കാൾ ഭൗതിക വസ്തുക്കൾക്ക് ഞാൻ മുൻഗണന നൽകുന്നു (v.16-22).
- ബാഹ്യമായുള്ള അനുസരണത്തിന്റെ കാര്യം വരുമ്പോള്‍ ഞാന്‍ ‘ലഘു കാര്യങ്ങളില്‍ പ്രബലന്‍’ ആകുകയും എന്നാല്‍ ആന്തരീക കാര്യത്തില്‍, ഉള്ളിലെ മനുഷ്യൻ ദൈവത്തിന്റെ സ്വഭാവത്തോട് അനുരൂപന്‍ ആകുന്നതില്‍ ‘പ്രബല കാര്യങ്ങളില്‍ ലാഘവത്വം’ പുലര്‍ത്തുകയും ചെയ്യുന്നു. (v.23-24).
- ഞാൻ വിശുദ്ധിയെ കാണുന്നത് പുറത്തെ മനുഷ്യനിൽ ശ്രദ്ധിച്ചാണ് അല്ലാതെ ഉള്ളിലെ മനുഷ്യനെ ശ്രദ്ധിച്ചല്ല. (v.25-26).
- ആന്തരികമായ ആത്മീയജീവിതമില്ലാതെ എന്റെ ഉള്ളിലെ മനുഷ്യന്‍ മരിച്ച് ജീർണ്ണിച്ചുകൊണ്ടിരിക്കുമ്പോൾ പോലും പുറത്ത് ഞാൻ വളരെ നീതിമാനാണെന്ന രീതിയിൽ പെരുമാറുന്നു (v.27-28).
- മരിച്ച പ്രവാചകന്മാരെ ഞാൻ എന്റെ അധരങ്ങൾ കൊണ്ട് ബഹുമാനിക്കുന്നു എന്നാൽ ദൈവത്തിന്റെ വചനം നിരസിച്ചുകൊണ്ട്, ദൈവത്തിന്റെ വചന ഘോഷകരെ കൊലപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു (v.29-36).
———
സഹോദരസേവകൻ